Thursday, December 10, 2015

അപരിചിതർ

********************************
ഇന്ന് ഞാൻ നിന്നെ അറിയുന്നതേ
യില്ല നീ എന്നേയും.......

ഇന്നലെ നമ്മൾ ഒരുമിച്ച്താഴ്വാ- രങ്ങളിലൂടെ കൈകോർത്ത്‌ നടന്നു.

ഇന്നലെ നമ്മൾ ഒരുപുഴയായ്
ഒഴുകാൻ കൊതിച്ചവർ.....

ഇന്നുനമ്മൾ രണ്ടുധ്രുവങ്ങളിലേക്ക്
രണ്ടുകൈവഴികളിലൂടെഒഴുകുന്നു

ഇന്നലെ നമ്മൾ ചുമരുകൾ ഇല്ലാത്ത ആകാശംതേടിനടന്നവർ.

ഇന്നുഞാൻ നാലുചുവരുകൾ
ക്കുളളിലിരുന്നു നെടുവീർപ്പിടുന്നു.

നീയോഅവിടെ ചുവരുകൾ ഇല്ലാത്ത പുതിയആകാശംതേടുന്നു......

പരിചിതർക്കിടയിലെ അപരിചി-
തരായ് നാം ഇരുവരും....

പക്ഷേ ഒരു സംശയം
പിന്നേയും ബാക്കി......

നമുക്ക് സുപരിചിതമായിരുന്ന,
ഇന്നലെകളിൽ ഞാൻ നിനക്കെപ്പോഴെങ്കിലും
പ്രിയപ്പെട്ടവളായിരുന്നോ.....

ആയിരിക്കില്ല അതുകൊണ്ടല്ലേ,
ഇന്നുനമ്മൾ അപരിചിതർ ആയതും.......

പക്ഷെ എനിക്കു നീ,
ഏറെ പ്രിയപ്പെട്ടതായിരുന്നു.....

ഞാൻ ഇഷ്ട്ടപ്പെടുന്ന,എൻറെ കവിതപോലെ പ്രിയമായിരുന്നു...

Wednesday, December 9, 2015

എൻറെ ബാല്യം എൻറെ അമ്മയുടെ ഓർമ്മകളിലൂടെ.....


ഒരു ഉൾനാടൻ ഗ്രാമത്തിലെ ദമ്പതികളുടെ മൂത്തമകളായ ഞാൻ കണ്ടതും കേട്ടതും അറിഞ്ഞതും ആയ കഥകളിൽ പാതിയും വറുതിയുടെയും കഷ്ട്ടപ്പാടിന്റെയും കഥകളായിരുന്നു......കൂട്ടുകുടുംബത്തിന്റെ അസ്വസ്ഥതകളിൽ നിന്നും രക്ഷപ്പെടാനായി അപ്പനും അമ്മയുംഒരുവയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ഒരു കൊച്ചുവീട്ടിലേക്കു വീടെന്നെന്നും പറയാൻ പറ്റില്ല ഓലകൊണ്ട് മറച്ച ഒരുകൊച്ചു "ചെറ്റപ്പെര"യിലേക്ക് താമസം മാറി......
        അവിടെ ഒരു ജീവിതം തുടങ്ങുന്നു.....കഷ്ട്ടപ്പാടിനെയും വറുതിയെയും,കാറ്റിനെയും,മഴയും,കൊടുംചൂടിനേയും എല്ലാം പൊരുതിതോല്പ്പിക്കാമെന്ന വിശ്വാസത്തോടെയുളള ജീവിതത്തിൻറെ തുടക്കം.....
ഈ കഷ്ട്ടപ്പാടിനിടയിൽ ഒരു വയസ്സുള്ള കുഞ്ഞിനെ നോക്കാൻ അമ്മ ഒരുപാട് കഷ്ട്ടപ്പെട്ടു.കെട്ടാത്ത കിണറായാതിനാൽ ഞാൻ അങ്ങോട്ട്‌ പോയാലോ,പിന്നെ അടുപ്പിൽ പോയി തീ വാരിയാലോ.....എല്ലാം പേടിയാണ്.....എന്നെയും ഒക്കത്ത് വച്ചു തന്നെ അമ്മ ജോലികൾ ഒക്കെ ചെയ്തു.......
        ആശ്വാസമായി ഉളളത് ഒരു കട്ടിലാണ്  അതിലിരുത്താനും പേടിയാണ് താഴേക്കു ചാടിയാലോന്നു.....എങ്കിലും വല്ലപ്പോഴും ഒക്കെ അവിടെ ഇരുത്തും....തുലാമാസത്തിലെ ഇടിഞ്ഞിറങ്ങുന്ന മഴയിൽ എന്നെ ചിരിപ്പിക്കാൻ ഒരുപാട്പേര് എത്താറുണ്ട്.....തവളക്കുഞ്ഞുങ്ങളും പിന്നെ ചെറിയചെറിയ പ്രാണികളും ഇഴജന്തുക്കളും എല്ലാം......മഴയത്തും തണുപ്പത്തും ഞാൻ സുഖമായി ഉറങ്ങി അപ്പന്റെയും അമ്മയുടെയും ചൂട്പറ്റി......
          കഴിക്കാൻ ആകെ ഉള്ളത് പറമ്പിൽതന്നെ കിട്ടുന്ന കപ്പയാണ്.അത് നമ്മുടെ നാട്ടിലൊക്കെ "ഊറ്റിയിട്ട് "തിന്നുന്ന ഒരു രീതിയുണ്ട്.... നല്ല കാ‍ന്താരി മുളകും ചെറിയ ഉളളിയും ഒക്കെ പൊട്ടിച്ചിട്ട് കപ്പ തിന്നാൻ നല്ല രുചിയാണ്.ചോറ് അധികം ഒന്നും കഴിക്കാൻ ഉണ്ടാകാറില്ല.ചിലപ്പോൾ ഒരു നേരം എങ്ങാനും കാണും കറികളും ഒന്നും ഉണ്ടാകാറില്ല.
ഉപ്പുംമുളകും അരച്ച് വെളിച്ചെണ്ണയും ഒഴിച്ച് തന്നിട്ട് അമ്മ പറയും നല്ല എരിവാണ് ഒന്ന് തൊട്ടാൽ മതി എന്നൊക്കെ....എരിഞ്ഞാൽ കരയരുത് എന്നും കൂടി പറയും.ഇല്ല കരയില്ല ഞാൻ തലയാട്ടും.തൊട്ടുനാക്കിൽ വയ്ക്കുബോഴല്ലേ പൂരം ഹ്ഹോ എന്തൊരു എരിവാ കണ്ണ് രണ്ടും നിറഞ്ഞ് ഒഴുകും എന്നാലും കരയുന്ന ഒച്ച പുറത്തുവരില്ല.....കരയില്ലാന്നു അമ്മയ്ക്ക് വാക്കുകൊടുത്തതല്ലേ പിന്നെ എങ്ങനെ കരയും.....

        ഒരു ദിവസം കഴിക്കാനുള്ളത് ഒരുചെറിയ പാത്രത്തിൽ തന്നിട്ട് എന്നെ കട്ടിലിൽ ഇരുത്തി അമ്മ എന്തോ ജോലി ചെയ്യാനായി പോയി.അമ്മ ഇടയ്ക്ക് പറയുന്നുണ്ട് അവിടുന്ന് എഴുന്നേൽക്കരുത് താഴെ വീഴും എന്നൊക്കെ.ഞാൻ കുറച്ചു തിന്നും ബാക്കി കോഴിക്കും പൂച്ചയ്ക്കും ഒക്കെ ഇട്ടു കൊടുക്കും.അത് തിന്നുന്നതും നോക്കി ഇരിക്കാൻ നല്ല രസമാ....ഞാൻ ചിരിയോടു ചിരി.എന്നെ ചിരിക്കുടുക്ക എന്നായിരുന്നു അന്നൊക്കെ എല്ലാവരും വിളിക്കുന്നതെന്നു അമ്മ പറയാറുണ്ട്‌.പാത്രത്തിലുള്ളത് കൊടുക്കാതിരുന്നപ്പോൾ എനിക്ക് ചുറ്റിനും ഉള്ളവരെല്ലാരും കൂടി ചാടി കട്ടിലിൽ എൻറെ അടുത്തായി...എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഞാൻ പേടിച്ചു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.കട്ടിലിൽ പിടിച്ചു നിന്നു.എങ്ങനെയാന്നറിയില്ല ഞാൻ കട്ടിലീന്നു താഴെ വീണു.ഒറ്റക്കരച്ചിൽ അമ്മ വന്നു നോക്കുബോൾ ഞാൻ ദേ താഴെകിടക്കുന്നു.വീഴ്ചയിൽ ബോധംപോയി.പറ്റിയത് എന്താന്നു വച്ചാൽ ഒരു നല്ല വീട് വയ്ക്കാനായി കുറച്ചു തടി അറുത്തു കട്ടിലിൻറെ താഴെ വച്ചിരുന്നു.അതിൽ ചെന്ന്തലയടിച്ചാണ് ഞാൻ വീണത്‌.

       നെറ്റിമുറിഞ്ഞു ബോധം പോയി.അമ്മ നെഞ്ചത്തടിയും കരച്ചിലും.അമ്മയുടെ മോള് ഒന്ന് കണ്ണുതുറക്ക് അമ്മയെ ഒന്ന് നോക്ക്.....അമ്മയുടെ കരച്ചിൽ ആ കുഞ്ഞുമനസ്സിൻറെ അടിത്തട്ടിൽ ചെന്നെത്തിയിട്ടാണോന്നറിയില്ല ഞാൻ ഒരു തവണ അമ്മയെ നോക്കി ഒന്നുചിരിച്ചു.വീണ്ടും ബോധം പോയി.അമ്മയുടെ കരച്ചിൽ കേട്ടു അടുത്തുള്ളവരൊക്കെ ഓടിവന്നു വെളളം തളിച്ചുനോക്കി.എന്തൊക്കെ ചെയ്തിട്ടും ഞാൻ കണ്ണുതുറക്കുന്നില്ല.ഒടുക്കം അമ്മ നേർച്ചകൾ അത്രയും നേരാൻ തുടങ്ങി.മണർകാട്പള്ളിയിൽ കൊണ്ടുപോയി പിടിപ്പണം വാരിക്കാം എൻറെ കുഞ്ഞ് ഒന്ന് കണ്ണ് തുറക്കണേ മാതാവേ അമ്മ കരഞ്ഞുകൊണ്ടേ ഇരുന്നു.....
അമ്മ വിളിച്ചു കരഞ്ഞ മാതാവിൻറെ കരുണകൊണ്ടാണോ അതോ എൻറെ അമ്മയുടെ കണ്ണുനീരിൻറെ തണുപ്പറിഞ്ഞിട്ടാണോ എന്തോ ഞാൻ വീണ്ടും കണ്ണുതുറന്നു.....

     അടുത്തുള്ള ഒരു വൈദ്യരുടെ വീട്ടിൽ കൊണ്ടുപോയി മരുന്ന് വച്ചുകെട്ടിതന്നു.അന്നത്തെ ആ മുറിവിൻറെ പാട് അമ്മ പറഞ്ഞ കഥകളുടെ സ്മാരകം പോലെ ഇപ്പോഴും എൻറെ നെറ്റിയിൽ ഉണ്ട്.........(തുടരും)

യാത്രാമൊഴി.....

ഇരുട്ടിൻറെ മൂടുപടം
അമാവാസി കണ്ണുകൾ
നഖമുളള സ്വപ്‌നങ്ങൾ
ചിറകറ്റ കിനാക്കൾ
പിന്നെ കുറേ അടക്കിപ്പിടിച്ച
വിതുമ്പലുകളും....

മുടിയഴിച്ച് ഉറഞ്ഞു
തുളളുന്ന വിശ്വരൂപങ്ങൾ
ചടുലതാളമാടുന്ന
കോമരങ്ങൾ....കണ്ണുകളിൽ
കത്തിപ്പടരുന്ന
കോപാഗ്നി.......

നിണം മണക്കുന്ന
ചുണ്ടുകൾ...
അട്ടഹാസം മുഴക്കുമ്പോൾ
തെളിയുന്ന ദംഷ്ട്രകൾ....
വാളേന്തിയ കൈകളും
ചിലങ്കകെട്ടിയ കാലുകളും....

നിൻറെ കോപാഗ്നിയിൽ
വെന്തുവെണ്ണീറായി
ഞാനും എൻറെ കിനാക്കളും
പോകാൻ കൊതിക്കയാണ്
ഈ അമാവാസി വിട്ട്
പൂർണ്ണചന്ദ്രനിലേക്ക്.....

നിനക്കും എനിക്കും
ഒരിക്കൽ തമ്മിൽ
കാണാവുന്ന മറ്റൊരു പൗർണ്ണമിയുടെ
പൂനിലാവിലേക്ക്
വെണ്‍ചന്ദ്രലേഖയിലേക്ക്.....

നിഴൽച്ചിത്രമെഴുതി
എനിക്കായ്കാത്തിരിക്കും
എൻറെ രാഗാർദ്ര പാൽനിലാവിലേക്ക്.....
നിൻറെ മിഴിയിലെ
നിഗൂഡതയിലേക്ക്.....