Tuesday, September 27, 2016

ചിങ്ങപ്പൂവ്......


തുമ്പേ പൂവേ....തുമ്പപ്പൂവേ....
ഒരുപിടിപ്പൂവിന്നു കടംതരുമോ....

ഓർമ്മകളിന്നെന്റെ മുറ്റത്ത്
കളംതീർത്ത് നിരയൊത്ത്
പൂക്കളിടുന്നു.......

തുമ്പേ  പൂവേ....തുമ്പപ്പൂവേ....
ഒരുപിടി പൂവിന്നു കടം തരുമോ...

പൂവില്ല പൂവിളി ഏതുമില്ല......
മാറിയെൻ നാടിന്റെ....
നന്മയെല്ലാം.....

തുമ്പേ പൂവേ....തുമ്പപ്പൂവേ....
ഒരുപിടി പൂവിന്നു കടംതരുമോ....

മാറിയ നാടിന്റെ മാനം
കാക്കാൻ....മറുനാടിൻ
പൂക്കളിതാ ഇവിടെ ഒരുങ്ങുന്നു.....

തുമ്പേ പൂവേ തുമ്പപ്പൂവേ......
ഒരുപിടിപൂവിന്നു കടംതരുമോ...

മുറ്റത്താ തെച്ചിയും പൂത്തതില്ലാ...
എന്നും വിരിയുന്നകാക്കപ്പൂവിൻ..
വേരിതാരങ്ങറുത്തെടുത്തൂ.....

തുമ്പേ  പൂവേ തുമ്പപ്പൂവേ.....
ഒരുപിടിപൂവിന്നു കടംതരുമോ....

ഓണംവന്നോണംവന്നെന്നോതു
വാനായ് എന്തേ തുമ്പീ നീയും
വന്നതില്ലാ.....

തുമ്പേ പൂവേ...തുമ്പപ്പൂവേ.....
ഒരുപിടി പൂവിന്നു കടംതരുമോ....

കൊയ്ത്തൊഴിഞ്ഞ നെൽപ്പാടമില്ല
സമൃദ്ധിയിൽ നിറയുന്ന
പത്തായപ്പുരകളില്ല.....

തുമ്പേ പൂവേ....തുമ്പപ്പൂവേ......
ഒരുപിടിപൂവിന്നു കടംതരുമോ...

പൂക്കളില്ല....പൂവിളിയുമില്ല...
തുമ്പിയില്ല....തുമ്പിതുള്ളലുമില്ല
ഉണ്ണുവാൻ ഒരുപിടി
തുമ്പപ്പൂ ചോറുമില്ലാതെയെൻ
വിരുന്നെത്തും ഓർമ്മകളെ ഞാനിന്നെങ്ങനെ ഓണമൂട്ടും......
തുമ്പേ പൂവേ തുമ്പപ്പൂവേ.....
നീയെൻ നാടിന്റെ പൈതൃകമേ
ന്തുന്ന വെണ്മലരേ...............

കുഞ്ഞുപൂവും പിന്നെ ഞാനും......


വരിക വരികെന്റെ കുഞ്ഞുപൂവെ
നീയെന്റെ പിന്നാലെ വരിക.....
കൊണ്ടുപോകാം.....നിന്നെ
ഞാൻ കൊണ്ടുപോകാം....
അവിടെ ഒരു പുഴയുണ്ട്
നിറഞ്ഞുകവിഞ്ഞൊരു പുഴയുണ്ട്

അയ്യയ്യോ എവിടെയാ പുഴയെവിടെ..   പുഴമെലിഞ്ഞു
പോയോ......പുഴയുടെ അടിയിലായ് തിളങ്ങുന്നു കല്ലുകൾ.....വെള്ളാരം കല്ലുകൾ.....

വരിക നീയെന്റെ കുഞ്ഞിപൂവെ
നിന്നെ ഞാൻ ഒരു കാടു കാട്ടാം
കാടിന്റെ ഉള്ളിലുറങ്ങുന്ന കവിത കാട്ടാം.... ..

അയ്യയ്യോ.....കാടെവിടെ
മരമെവിടെ കുഞ്ഞുപൂവേ.....
കടയറ്റമരത്തിന്റെ മുറിവിൽ
നിന്നുതിരുന്നുചുടുനിണം മാത്രം...
ചേക്കേറുവാനൊരു ചില്ലയില്ലാതെ
അലയുന്നൊരു പാവം
പക്ഷിയുടെ വിലാപം നീ
കേൾക്കുന്നുവോ....കുഞ്ഞുപൂവേ

വരിക നീയെന്റെ കുഞ്ഞുപൂവേ
നമുക്കൊരുമിച്ച് അകലെയൊരു
കുന്നുണ്ട്.....അവിടെ ഇളംവെയിലിൽ പാറിപറക്കുമൊരായിരം
തുബിയുണ്ട്.....അതിലൊന്നിനെ
ഞാനിന്നു നിനക്കായ് പിടിച്ചു
നൽകാം.....

അയ്യയ്യോ.....കുന്നെവിടെ....
മണ്ണെവിടെ....യന്ത്രത്തിൻ മുരൾച്ചയിൽ നിന്റെയും
എന്റെയും ഗദ്ഗദങ്ങൾ
പോലും മണ്ണിലലിഞ്ഞ് പോയോ
എന്റെ കുഞ്ഞിപൂവേ....

വരിക നീയെന്റെ കുഞ്ഞുപൂവേ
അവിടവിടെയായ് വന്നുനിന്റെ
കുഞ്ഞുപാദങ്ങൾ നോവുന്നുവോ
എങ്കിലീ കരങ്ങളിലേക്കേറുക നീ
അമരാതെയാ ദലങ്ങളെ ഞാൻ കൊണ്ട് പോകാം.....
  

നമുക്കിനി പോകാം താഴെയാ
താഴ്വാരങ്ങളിലേക്കായ്
അവിടെ നെല്ലുണ്ട് കതിരുണ്ട്
നെൽപ്പാടങ്ങളുണ്ട്.......
ഇളം കാറ്റുണ്ട്...കാറ്റിന്റെ കൈയിലായ് കൈതപ്പൂവിൻ
മണമുണ്ട്......

അയ്യയ്യോ.....പാടമെവിടെ....
കതിരെവിടെ കുഞ്ഞുപൂവേ.....
പച്ചപട്ടുടുത്തെന്റെ പെണ്ണെവിടെ
കുഞ്ഞു പൂവേ....... മണ്ണിട്ടുമൂടിയെൻ പെണ്ണിന്റെ മെയ്യാകെ.....ഒരുപിടി കുത്തരിചോറെനിക്കായ്
കരുതിയവൾ കാത്തിരുന്നതും
വെറുതെയായല്ലോ കുഞ്ഞുപൂവേ

ഈ നോവിന്റെ തീരത്ത് എന്നെ
തനിച്ചാക്കി നീയും പോകയാണോ
കുഞ്ഞുപൂവേ......
എന്റെ കരങ്ങളിൽനിന്നു
പിടഞ്ഞുതാഴെ വീണു
മണ്ണായ് നീയും മാറിയോ
കുഞ്ഞുപൂവേ.......

സൗഹൃദപ്പീലി


കുറിക്കട്ടെയോ കൂട്ടുകാരാ....
നിനക്കായ് ഇന്നുനാലു വരികൾ
നാലല്ല നാൽപ്പതിൽ
തീർക്കുവാനാകുമോ
നിന്റെ സ്നേഹം.........

അതിമലിനമായ് മാറിക്കൊണ്ടിരിക്കുമീ....
സൗഹൃദ ജലാശയത്തിൽ
വേറിട്ടൊരു സൗഹൃദമേ.....
അതിനുമപ്പുറമാമൊരു....

ഹൃദയബന്ധമായ്
തിളങ്ങുന്നു നീയിന്നു....
ഒരു തുള്ളിതീർതഥമായെൻ
നെറുകയിൽ  വീണെന്നെ
അനുഗ്രഹിക്കൂ.......

കൂട്ടുകാരാ......നമുക്കൊന്നിച്ചൊ
രുശുഭയാത്രനേരുവാനാകുമോ
പകലോനു......യാത്രയാക്കുബോൾ
അടർന്നു വീഴുന്നനിൻ
മിഴിനീർക്കണങ്ങളെ ......

ഒപ്പിയെടുക്കണമെൻ
വിരൽതുബിനാൽ.....എന്നിട്ടവയൊക്കെയും  ചേർത്തു
വയ്ക്കണമെൻ
ഹൃത്തിനുള്ളിൽ......

അരികിലില്ലെങ്കിലും
നാമൊന്നിച്ചുകേട്ടില്ലെയോ
മധുരഗീതങ്ങളെത്രയോ
കൂട്ടുകാരാ.....എൻ
പ്രിയ തോഴാ....

ഒരു നീർക്കുമിളയായ്
ഒരുനിമിഷംകൊണ്ടു
ജനിച്ചു മരിച്ചുപോകരുതേ
നീയെൻ മനോഹര...
പ്രിയസൗഹൃദമേ......

അറിയാത്ത ഇഷ്ട്ടം....പറയാത്തതും....


പതിനാലു വർഷങ്ങൾക്കുശേഷം ഞാനിന്നലെ എന്റെ കൂട്ടുകാരനെ കണ്ടു.....ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചതാരുന്നു ഞങ്ങൾ.....അന്ന് ഞങ്ങൾ പിരിയുബോൾ ഉള്ള അവന്റെ രൂപവും ഇപ്പോഴത്തെ അവന്റെ രൂപവും കണ്ട് ഞാൻ അതിശയിച്ചുപോയി....അന്നത്തെ ആ പൊടിമീശക്കാരന്റെ രൂപം.....എന്റെമനസ്സീന്ന് പോയിട്ടുണ്ടാരുന്നില്ല.......
        എന്തൊരു മാറ്റമാ ഇത്.....എനിക്ക് കണ്ടിട്ട് മനസ്സിലായില്ല......ഡീീീീീീീ.....എന്നൊരു വിളികേട്ട് ഞാൻ തിരിഞ്ഞ് നോക്കുബോ ഒരാൾ എന്റെ അടുത്തേക്ക് പെട്ടെന്ന് നടന്ന് വരുന്നു.....ഭയങ്കരായിട്ട് ചിരിച്ചോണ്ട്.....ഈ ചിരി ഞാൻ എവിടെയോ കണ്ടിട്ടുള്ളതാണല്ലോ........എന്റെ നോട്ടം കണ്ടിട്ടാകും അവനൊന്ന് പകച്ചത് പോലേ.....ഡീീ ഞാൻ----- ആണെടി.......യ്യോ ടാ നീയോ.....എനിക്ക് മനസ്സിലായില്ല......ഞാൻ കൂട്ടുകാരിക്കു പരിചയപ്പെടുത്തി ഇത് എന്റെ കൂടെ പഠിച്ചതാ......
           ഉടനേ അവൻ ഒരു വർത്തമാനം....ഡീീ നിന്നെ കണ്ടപ്പോ ആദ്യം തോന്നിയത് ഓടിവന്ന് കെട്ടിപിടിക്കാനാ.....യ്യോ എന്തുവാ ഇവനീ പറയുന്നേ......ഞാനൊന്ന് ഞെട്ടി....ആകെ വല്ലാതെ ആയി....കൂട്ടുകാരി കേട്ടോ ആവോ......ചമ്മൽ മാറ്റാൻ വേണ്ടി ഞാൻ എന്തൊക്കെയോ ചോദിച്ചോണ്ടിരുന്നു......എന്ത് ജോലി ചെയ്യുന്നു...ഭാര്യ...മക്കൾ...അങ്ങനെ പലതും.....പക്ഷേ എന്റെ മനസ്സ് ഒരുപാട് പിറകിലേക്ക് പോയിരുന്നു.......അന്നത്തെ ആ പൊടിമീശക്കാരനെക്കുറിച്ച് ഞാൻ ഓർക്കുവായിരുന്നു.....ഒരുപാട് കൂട്ടുകാർക്കിടയിൽ എന്നോ എപ്പഴോ അടുത്തകൂട്ടുകാരായി മാറി.....വായിക്കാൻ എനിക്ക് ഒരുപാട് പുസ്തകങ്ങൾ കൊണ്ട് തരുമാരുന്നു......എല്ലാം കടിച്ചാൽ പൊട്ടാത്ത സാഹിത്യം......കൂലോത്തെ ശിങ്കാരമ്മ....ആര്യവേദാന്തത്തിലെ ക്രിസ്തു....അങ്ങനെ കുറേ പുസ്തകങ്ങൾ...... എല്ലാം ഒറ്റ ഇരുപ്പിലിരുന്ന് തിന്ന് തീർത്തിട്ട് വീണ്ടും കൊണ്ട് വാന്ന് ഞാൻ പറഞ്ഞോണ്ടേ ഇരുന്നു.... ഒടുവിൽ അവൻ എന്നെ ഒരുദിവസം വിളിച്ചോണ്ട് പോയി....ലൈബ്രറിയിൽ കൊണ്ട് പോയി അംഗത്വം എടുത്ത് തന്നു....
         ഓരോ പുസ്തകങ്ങളും വായിച്ചുകഴിയുബോൾ അതിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതി പുസ്തകത്തിനുള്ളിൽ വച്ച് അവനു കൊടുക്കാരുന്നു...... അവൻ അതിനെല്ലാം മറുപടികുറിപ്പും തന്നിരുന്നു.... അപ്പോ നിങ്ങൾ കരുതും പ്രണയലേഖനങ്ങൾ ആയിരുന്നോന്ന്.....അല്ല....മുടിഞ്ഞസാഹിത്യം ആയിരുന്നു...അതിലെല്ലാം.....ഒരു പക്ഷേ ഞങ്ങൾ സംസാരിച്ചിട്ടില്ലാത്ത വിഷയങ്ങൾ ഇല്ലാരുന്നു എന്ന് തന്നെ പറയാം.....ഒരിക്കൽ പോലും അതിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നൊരു വാക്ക് പറഞ്ഞിട്ടില്ല ഞങ്ങൾ ഇരുവരും....
       ഒരു ബഞ്ചിൽ ഞങ്ങൾ അടുത്തടുത്ത് ഇരുന്ന് അക്കൗണ്ടിംഗും കോസ്റ്റിങ്ങും എല്ലാം പഠിച്ചു.....കോസ്റ്റിംഗിനെ ക്കുറിച്ച് പറയുബോ അത് പഠിപ്പിച്ച സാറിനെക്കുറിച്ച് പറയാതെ വയ്യ......പാവം പിഠിച്ച സാറിനെ ഞങ്ങൾ ഇട്ട് വട്ടംകറക്കിയതിനു കണക്കില്ല.....സാറിനു ഒരു കുഴപ്പമുണ്ട് ക്ലാസിൽ വന്നാൽ ആദ്യം ചോദ്യം ചോദിക്കുന്നത് എന്നോടാ.....ലാസ്റ്റ് ബെഞ്ച് ഫസ്റ്റിലാ ഞാൻ ഇരിക്കുന്നത്....ചോദിച്ചാൽ ഉടനേ എല്ലാരുംകൂടി ഉത്തരം പറഞ്ഞ് തരാൻ തുടങ്ങും......എല്ലാരും കൂടി പറഞ്ഞ്തരുബോ.....എനിക്ക് അത് കേട്ട് പറയാൻ ഭങ്കര പാട്....എന്റെ പാട് കണ്ടിട്ട് പാവം സാർ പറയും....ആരെങ്കിലും ഒരാൾ പറഞ്ഞ്കൊടുക്കാൻ.....അങ്ങനെ ഒരു ദിവസം എല്ലാവരും കൂടി എന്നെ അവിടുന്ന് മാറ്റി ഇരുത്തി....
     ഇന്ന് ചോദ്യം വരുമോന്നറിയാൻ എല്ലാവരും കാത്തിരുന്നു......ഞാൻ എവിടാ ഇരിക്കുന്നത് എന്ന് പോലും സാർ കണ്ടിട്ടില്ല....പക്ഷേ ചോദ്യം കൃത്യം വന്നു.....എന്താ ക്രിസ്റ്റി ക്രെഡിറ്റ് ക്രിയേഷൻ.......ഞാൻ ക്ലാസിൽ ചെന്നിട്ടില്ലെങ്കി പോലും സാർ കൃത്യം ചോദ്യം ചോദിക്കാറുണ്ടാരുന്നു......എന്നോട്.....അതാരുന്നു ഞങ്ങടെ കോസ്റ്റിംഗ് സാർ........അതായത് ഞാൻ പറഞ്ഞ് വന്നത്....എന്റെ കൂട്ടുകാരനെക്കുറിച്ച്......ഓണക്കാലത്ത് ഒന്നിച്ചിരുന്ന് ഞങ്ങൾ അത്തപൂവിട്ടു.....ക്രിസ്മസിനു ഞങ്ങൾ ഒരുമിച്ച് കേക്ക് മുറിച്ചു......മഴപെയ്യുബോൾ ഞങ്ങൾ അടുത്തിരുന്ന് മഴയുടെ ഭാവങ്ങളെക്കുറിച്ചു പറഞ്ഞു.....വിശന്നപ്പോൾ ഞങ്ങൾ ഒരു പൊതിച്ചോറിൽ നിന്നും പങ്കുവച്ച് കഴിച്ചു.....പക്ഷേ ഒരിക്കൽ പോലും......അവൻ എന്നെ പ്രണയിച്ചിരുന്നോ......ഞാൻ ഒരു ദിവസം ക്ലാസിൽ ചെന്നില്ലെങ്കിൽ അന്ന് അവനും ക്ലാസിൽ ഇരിക്കില്ല.....ഞാൻ ചെല്ലാതിരിക്കുബോഴൊക്കെ എനിക്ക് അവൻ നോട്ട് എഴുതി തന്നു.....ആദ്യായിട്ട് സെറ്റ്സാരി ഉടുത്ത് ചെന്നപ്പോ.....ആകെ ഒരു ചമ്മലാരുന്നു......അന്നും ഞാൻ അവനോടാ ചോദിച്ചത് എനിക്ക് സാരി ഉടുത്തിട്ട് കൊള്ളാമോന്ന്.....
        അന്ന് എല്ലാ പെൺകുട്ടികളും സെറ്റ് സാരി ആയിരുന്നു.....അവൻ പറഞ്ഞു ടീീ എല്ലാരെക്കാളും ഭംഗി നിനക്കാടി....അതെന്താടാ ഞാൻ ചോദിക്കും.....അപ്പോ അവൻ പറയും നിനക്ക് മുടി ഒരുപാട് ഉള്ളതുകൊണ്ടാ ഭംഗി.....എന്റെ മനസ്സിലൂടെ പഴയതെല്ലാം ഒരുനിമിഷം കൊണ്ട് കടന്ന് പോയി.....അങ്ങനെ ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പറഞ്ഞു....ഞാൻ പ്രാർതഥിക്കുവായിരുന്നു....ദൈവമേ ഫോൺ നംബെർ ഒന്നും ചോദിച്ചേക്കല്ലേ....ചോദിച്ചാ കൊടുക്കാനും വയ്യ കൊടുക്കാതിരിക്കാനും വയ്യ......
       പക്ഷേ അവൻ വീണ്ടും കാണാം കാണും എന്ന് മാത്രം പറഞ്ഞ്  നടന്ന് പോയി.......എനിക്ക് പൂരിപ്പിക്കാൻ കഴിയാത്ത ഒരുസമസ്യയായ്.....അന്ന് എന്നോട് ഉണ്ടായിരുന്ന ഇഷ്ട്ടം ഇന്ന് ഞാൻ ഒരു വാക്കിലൂടെ തിരിച്ചറിഞ്ഞു........ഇന്ന് എന്നെക്കണ്ടപ്പോൾ പറയാതെ ബാക്കി വച്ചത് ഇനി എന്നെങ്കിലും കാണുബോൾ ഞാൻ തിരിച്ചറിയുമായിരിക്കും.........അല്ലേ......

എന്റെ വാക്ക്....


അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്ത് പാകംവന്നമനസ്സിൽ നിന്നേ നല്ല എഴുത്തുകൾ ഉണ്ടാകൂ.....തീക്ഷ്ണമായ സൃഷ്ട്ടികൾ ഉണ്ടാകൂ......അമ്മ എന്ന വാക്കിന്റെ അർതഥം അതേ തീവൃതയിൽ അറിയണമെങ്കിൽ ഒരുകുഞ്ഞിന്റെ പെറ്റമ്മയാകണം.......പത്ത് മാസംചുമന്ന് നൊന്ത്പ്രസവിക്കണം.....അതുപോലെയാണു ഓരോ എഴുത്തും.......വാക്കുകളെ ഓരോന്നിനെയും വേദന അറിഞ്ഞ് പ്രസവിക്കണം.......തട്ടാന്റെ ഉലയിൽ ഊതിക്കാച്ചിയ പൊന്നുപോലെ ഓരോ വാക്കും തിളങ്ങണം......പെണ്ണെഴുത്തുകളിൽ അനുഭങ്ങൾ ഉണ്ടെങ്കിൽ പോലും തുറന്നെഴുത്തുകൾ കുറയുന്നു.......പ്രിയപ്പെട്ട ആമിയെപോലെ....തുറന്നെഴുത്തുകളിലൂടെ വിമർശനങ്ങളെ നേരിടാൻ ഇന്ന്പലരും പേടിക്കുന്നു.......എന്റെ എല്ലാ സൗഹൃദങ്ങൾക്കും.....നല്ലൊരു സായാഹ്നം ആശംസിക്കുന്നു.....

സാഫല്യം........

********************************
കണ്ടുഞാൻ......ഇന്നെന്നിൽ
നിറയുന്ന മൗനത്തിൻ
മധുസൗരഭ്യം....

കേട്ടുഞാൻ.......ഇന്നെന്റെ
ആത്മാവിൽ തുളുബം
സ്വരവീചികൾ......

ഇന്നെന്റെ കൈക്കുടന്നയിൽ
കോരിയെടുത്തുനിൻ പൂമുഖം
എൻ മിഴികളിൽ ചേർത്തു
വച്ചു ഞാൻ........

ഒരുജന്മസാഫല്യം പോൽ
നീയെന്നരികിൽ
ചുടുനിശ്വാസങ്ങളിൽ
പൊതിഞ്ഞു നാമിരുവർ......

ഒരു പെരുമഴയുടെ
കുളിരുമായ് നീ വന്നുവെങ്കിലോ
നെഞ്ചിൽ ഒരുപിടിചൂടുമായ്
ഞാൻ നിന്നിലേക്കണഞ്ഞുവല്ലോ....

ഒടുവിൽ  എല്ലാം ഇന്നൊരു സായംസന്ധ്യയുടെ സിന്ദൂരരേഖയിൽ നീ ഒളിപ്പിച്ചുവോ......

അറിയുന്നു ഞാനിന്ന്നിന്നിലേക്ക് കുടഞ്ഞിട്ടൊരായിരം വർണ്ണവും നിന്റെസന്ധ്യയുടെകുങ്കുമ
രേണുവിലലിഞ്ഞുപോയെന്ന്....

എങ്കിലും ഞാനിന്ന് നിർവൃതിയിലാണു.......
നിന്റെ സൂര്യപ്രഭയിൽ ഒരു നിമിഷമെങ്കിലും.......

ചിപ്പി................

മനസ്സൊരുമൗനത്തിൻ
ചിപ്പിക്കുള്ളിയായ്
ഒളിച്ചിരിക്കുന്നു......

താനേതുറന്നൊരായിരം
മുത്തുകളായ്
പൊഴിയുവാൻ......

ഇനിയുമെത്രനാൾ
നീയെൻ ചിത്തമേ....
ഈ ആർദ്രമൗനത്തിൽ....

പകലറിയാതെ....
ഇരുളറിയാതെ.... 
വസന്തത്തിൻ....നിറമറിയാതെ....

നാമറിയാതെ നമ്മിൽ
പെയ്തൊഴിയും
മഴയറിയാതെ.....

എത്ര നാൾ നീയീചിപ്പിയിൽ
മറഞ്ഞിരിക്കുമെൻ
ചിത്തമേ......

വരിക നീയെൻ വരകളായ്
അല്ലെങ്കിൽ പൊഴിയുക
നീയെൻ വാക്കുകളായ്.....

മതിനിൻമൗനം.....മനസ്സേ.....
നീയിന്നു നാണിച്ചു നിൽക്കും
കന്നിപെണ്ണാകുന്നുവോ....

ഇനിയും നീനാണിച്ചീ
ചിപ്പിക്കുള്ളിയായ് ഒളിക്കരുതേ.........

നീയില്ലെങ്കിൽ ഞാനിന്നേകയായ്
പറയാനൊരു വാക്കില്ലാതെ
കുറിയ്ക്കാനൊരു വരിയില്ലാതെ...

നിന്റെ സ്നേഹംവെറും
സ്നേഹം മാത്രമാകാതെ
പ്രണയമായ് എന്നിൽ നിറയണം...

നോവിന്റെ തീരങ്ങളിൽ
എനിക്കിന്നലയണം... ..
നിന്റെ കൈപിടിച്ച്......

നീയിന്നീ ചിപ്പിക്കുള്ളിൽ
നിന്ന് ഒരുവെണ്മുത്തായ്
പിറക്കുവതും കാത്ത് ഞാനിരിപ്പൂ......ഒരു പാവം
മൺ തരിയായ്.........