**************************************
ഓണതുമ്പീ പാടൂ....
ഓരോ രാഗം നീ
ഓർമ്മകൾ മേയും കാവിൽ
ഒരു തിരി വയ്ക്കൂ നീ....
ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്ന പാട്ട് ഇതാണ്.അല്പ്പം വേദനയും എന്നാൽ ഒരു തിരിവെട്ടത്തിൻറെ പ്രതീക്ഷകളും
നല്കുന്ന പാട്ട്.....കാടുംപടലും പിടിച്ചുകിടന്ന ഓർമ്മകൾ മേയുന്ന കാവിൽ ഞാനിന്നു ഒരുതിരി തെളിക്കാൻ പോകുന്നു.......
ഓണത്തെകുറിച്ചുളള എൻറെ ഓർമ്മകൾക്ക് മങ്ങിയ നിറമാണ്.എല്ലാവരും ആഘോഷങ്ങളെ
സ്നേഹിച്ചപ്പോൾ ഞാൻ ഓണം മാത്രമല്ല എല്ലാ ആഘോഷങ്ങളെയും വെറുത്തു.എൻറെ സാഹചര്യങ്ങളുംഞാൻ വളർന്നചുറ്റുപാടും അങ്ങനെ ഉള്ളതായിരുന്നു.ഓണം അടുക്കാറാകുമ്പോൾ ഉളള പ്രകൃതിയുടെ മാറ്റം ഞാൻ കണ്ടിട്ടുണ്ട്.
മഴമാറി മാനംതെളിഞ്ഞു മുറ്റത്തുനില്ക്കുന്ന പൂച്ചെടികൾ മാത്രമല്ല വയലോരങ്ങളിലെ കാട്ടുചെടികളും നിറയെ പൂത്തുനില്ക്കുന്ന കാലം.തൊടിയിലെ
പാവലും പയറും,മത്തനും,വെള്ളരിയും പൂക്കുംബോഴുള്ള സുഗന്ധം ഇന്നും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു.ഈ സുഗന്ധം നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊന്ന്കൂടിയുണ്ട്.ഓണം കർഷകൻറെ ആഘോഷം ആണ്.വിളവെടുപ്പിൻറെ ആഘോഷം.വരും തലമുറയ്ക്ക് അന്യം നിന്ന് പോകാവുന്ന നന്മ്മയുടെ സുഗന്ധം.
ഭയത്തിന്റെയും ദു:ഖത്തിന്റെയും വേദനയുടെയും നടുവിലാണെങ്കിലും പ്രതീക്ഷിക്കാതെ വീണുകിട്ടിയ ഒരോണത്തിൻറെ ഓർമ്മകൾ പറയാം.അമ്മവീട്ടിൽ ആഘോഷിച്ച ഒരോണം.എല്ലാ പ്രിയ്യപ്പെട്ടവർക്കും ഒപ്പമിരുന്ന്
സദ്യകഴിച്ചു.എല്ലാവരുംകൂടി തിയറ്ററിൽ പോയി സിനിമ കണ്ടു.
രാത്രിയിൽ മുതിർന്നവരും കുട്ടികളും ചേർന്ന് ഒരുപാടു കളികൾ കളിച്ചു.
അന്നത്തെ രാത്രിയ്ക്ക് നല്ലനിലാവ് ആയിരുന്നു.അതിനിടയിൽ ഒരപകടം
പറ്റി,എൻറെ കൈയിലെ കുപ്പിവളപൊട്ടി കൈതണ്ട മുറിഞ്ഞു.
നല്ല ആഴത്തിൽ മുറിഞ്ഞു എല്ലാവരും പേടിച്ചു...
വയലറ്റ്നിറമുള്ള കുപ്പി വളകൾ എൻറെ കൈതണ്ടയിൽ ഏൽപ്പിച്ച വേദനയെക്കാളും എൻറെ
മനസ്സിൽ നിറഞ്ഞു നില്ക്കുന്നത് അന്നത്തെ ആ നിലാവിൻറെ പാൽപുഞ്ചിരി തന്നെയാണ്....... മധുരിക്കുന്ന ആ നല്ല ഓണത്തിൻറെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോഴും ഹൃദയത്തിൽ ഉണങ്ങാതെ ഒരുനൊമ്പരം അവശേഷിക്കുന്നു.
അന്ന് ഒപ്പമുണ്ടായിരുന്ന ഒരു നല്ല കൂട്ടുകാരാൻ ഇന്ന് ഓർമ്മകളിൽ മാത്രം......മാരകരോഗത്തിന് അടിമയായി ഈ ലോകവും അതിൻറെ മായക്കാഴ്ച്ചകളും ഉപേക്ഷിച്ചു അകലെ ആകാശത്തിന്റെഅനന്തതയിലേക്ക് പോയി മറഞ്ഞ കൂട്ടുകാരൻ......യാത്രാമൊഴി പറയാതെ......
പിന്നെയും വസന്തം വന്നു.... ഗ്രീഷ്മംവന്നു .....ശിശിരവും.......വസന്തത്തിൽ വിരിഞ്ഞ പൂക്കളിൽ എല്ലാംഞാൻ നിൻറെ മുഖംതി രഞ്ഞു.......ശിശിരത്തിൽ കൊഴിഞ്ഞ ഇലകൾ കാണുമ്പോൾ ഞാൻ നിന്നെ ഓർത്തു.......ഇനിയും വരുവാനുണ്ടേറെ വസന്തങ്ങൾ.....ഇനി വരുന്നൊരു ശിശിരത്തിൽ നനുത്ത മഞ്ഞിൻറെ കുളിരണിഞ്ഞു ഞാനും ഒരുകൊഴിഞ്ഞ ഇലയായി......മണ്ണിൻറെ മാറിൽ പറ്റി ചേർന്ന്........ഓർമ്മകൾ മരിക്കുന്നില്ല.......
No comments:
Post a Comment